കേരള ബ്ലാസ്റ്റേഴ്സിനായി സീസണിൽ 21 മത്സരങ്ങളാണ് മഞ്ഞപ്പടയുടെ മിഡ്ഫീൽഡ് ജനറലായ അഡ്രിയാൻ ലൂണ കളിച്ചത്. 1733 മിനിറ്റ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചപ്പോൾ 52 അവസരങ്ങളാണ് സൃഷ്ടിച്ചത്. 80 ആണ് ഈ ഉറുഗ്വേയൻ താരത്തിന്റെ സീസണിലെ പാസ് കൃത്യത. ആറ് അസിസ്റ്റുകൾ ലൂണയിൽ നിന്ന് വന്നപ്പോൾ 46 നിർണായക പാസുകളും ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിൽ നിന്ന് കണ്ടു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാന മത്സരത്തിന് ബുധനാഴ്ച ഇറങ്ങുമ്പോൾ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ട്.
ഹൈദരാബാദിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങുമ്പോൾ അഡ്രിയാൻ ലൂണയുടെ മഞ്ഞക്കുപ്പായത്തിലെ അവസാന മത്സരമായിരിക്കുമോ അതെന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് വരുന്നത്. ക്ലബിൽ തുടരുമോ ഇല്ലയോ എന്നതിൽ ലൂണ സീസണിലെ അവസാന മത്സരത്തോടെ കൂടുതൽ വ്യക്തത വരുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരത്തിൽ ക്ലബിൽ തുടരുന്നതിനെ കുറിച്ച് ലൂണ പ്രതികരിച്ചിരുന്നു. അന്ന് ഇങ്ങനെയായിരുന്നു ലൂണയുടെ വാക്കുകൾ, “ഞാൻ ഇവിടെ സന്തുഷ്ടനാണ്. കരാറിൽ ഇനിയും സമയം ബാക്കിയുണ്ട്. എന്നാൽ ഇതുപോലൊരു സീസണിന് ശേഷം നമ്മൾ പുനർചിന്തിക്കേണ്ടതുണ്ട്. സീസണിലെ പ്രകടനം ക്ലബ് വിലയിരുത്തേണ്ടതുണ്ട്. ഞാൻ എല്ലായ്പ്പോഴും പറയുന്നത് പോലെ, ഞാൻ ഇവിടെ സന്തുഷ്ടനാണ്. ഇവിടെ തുടരാൻ ഞാൻ ഇഷ്ടപ്പെടുന്നു.”
2027 വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി ലൂണയ്ക്ക് കരാറുള്ളത്. 2024 മെയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ലൂണയുമായുള്ള കരാർ 2027 വരെ നീട്ടിയത്. എന്നാൽ സീസണിലെ ഇതുപോലൊരു മോശം പ്രകടനവും മികച്ച കളിക്കാരെ ടീമിലെത്തിക്കുന്നതിൽ മാനേജ്മെന്റ് പ്രയാസപ്പെടുന്നതും എല്ലാം ലൂണയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചേക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.
കേരള ബ്ലാസ്റ്റേഴ്സിൽ ഫീൽഡിലും പുറത്തും എത്രമാത്രം സ്വാധീനം ചെലുത്തുന്നതാണ് ലൂണയുടെ സ്വാധീനം എന്ന് വ്യക്തമാക്കിയാണ് ക്ലബ് താരവുമായുള്ള കരാർ 2027 വരെ നീട്ടിയത്. ആരാധകരുടെ പ്രിയപ്പെട്ട താരം മാത്രമല്ല, ഐഎസ്എല്ലിലെ പ്രധാന കളിക്കാരിൽ ഒരാൾ എന്ന പേരും ലൂണ സ്വന്തമാക്കി കഴിഞ്ഞു. കണക്കുകളിലും അത് വ്യക്തമാണ്.
ലൂണയുടെ പേരിലെ ജഴ്സികളാണ് കേരള ബ്ലാസ്റ്റേഴ്സിന്റേതായി ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. കേരള ബ്ലാസ്റ്റേഴ്സിലെ പ്രിയപ്പെട്ട താരം ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്ന ഉത്തരം ലൂണ എന്നായിരിക്കും. അതുകൊണ്ട് തന്നെ ഈ സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ ലൂണ ക്ലബ് വിടും എന്ന പറയാാവില്ല.അറ്റാക്കിങ് മിഡ് ഫീൽഡറായും വിങ്ങറായും മുന്നേറ്റനിര താരമായും കളിക്കാൻ സാധിക്കുന്ന ഈ ഉറുഗ്വെയൻ താരം 2021ലാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ അസിസ്റ്റുകൾ, ഗോൾ കോൺട്രിബ്യൂഷനുകൾ എന്നിവയെല്ലാം വന്ന വിദേശ താരങ്ങളിൽ ഒന്നാമതാണ് ലൂണ.