വീട്ടിൽ ദുർമന്ത്രവാദം നടത്തി
പൂജ നടത്തിയ ജ്യോത്സ്യനെ ചോദ്യംചെയ്തു

ഹരികുമാർ, ശ്രീതു, ദേവേന്ദു | Photo: Screengrab / Mathrubhumi News
ബാലരാമപുരം: സഹോദരിയുടെ രണ്ടുവയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനു പിന്നിൽ അന്ധവിശ്വാസമെന്നു സൂചന. വീട്ടിൽ മന്ത്രവാദം നടത്തിയ ജ്യോത്സ്യനെ പോലീസ് ചോദ്യംചെയ്തു. ദേവേന്ദു ജനിച്ചതിനു ശേഷമാണ് വീട്ടിൽ കഷ്ടപ്പാടും ദുരിതവുമുണ്ടായതെന്ന, കരിക്കകം സ്വദേശി ശംഖുംമുഖം ദേവിദാസനെന്നു വിളിക്കുന്ന എസ്.പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തലാണ് കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് ഹരികുമാർ പോലീസിനോടു പറഞ്ഞത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചിനാണ് വീട്ടിൽ അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാർ വീട്ടുവളപ്പിലെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്.
പൂജാരി പറഞ്ഞ പ്രകാരമാണ് കൊലനടത്തിയതെന്ന് ഇയാൾ ആദ്യദിനം പോലീസിനോടു പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് മൊഴി മാറ്റുകയും പോലീസിനെ ചോദ്യംചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പൂജാരിയായ ആർ.പ്രദീപ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. രണ്ടാഴ്ച മുൻപ് പൂജ നടത്തുന്നതിനിടെ ശ്രീതുവിന്റെ വീട്ടിൽനിന്ന് 36 ലക്ഷം രൂപ കളവുപോയെന്നു കാണിച്ച് ബാലരാമപുരം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജാരിയെ കസ്റ്റഡിയിലെടുത്തതെന്ന് റൂറൽ എസ്.പി. സുദർശനൻ പറഞ്ഞു.
ബാലരാമപുരം കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഹരികുമാർ(24) മാനസികവൈകല്യത്തിനു ചികിത്സതേടിയിരുന്നതായും പോലീസ് പറഞ്ഞു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ശ്രീജിത്തിന്റെയും ശ്രീതുവിന്റെയും ഇളയ മകളാണ് ദേവേന്ദു. 2022-ലാണ് ദേവേന്ദു ജനിച്ചത്. ഇതിനുശേഷമാണ് വീട്ടിൽ കഷ്ടപ്പാടും ദുരിതവുമുണ്ടായതെന്ന് കരിക്കകത്തെ മൂകാംബിക മഠത്തിലെ ജ്യോത്സ്യൻ ആർ.പ്രദീപ് കുമാർ ഇവരോടു പറഞ്ഞിരുന്നു.
ഇതിനു പരിഹാരമായി രണ്ടാഴ്ച മുൻപ് നടത്തിയ പൂജയ്ക്കു ശേഷം ദേവേന്ദുവിന്റെ അമ്മ ശ്രീതു തല മുണ്ഡനംചെയ്യുകയും ചെയ്തു. ഇതിനിടെ, ഹരികുമാറിന്റെ അച്ഛൻ ഉദയകുമാർ രോഗബാധിതനായി മരിച്ചിരുന്നു. ഉദയകുമാറിന്റെ മരണത്തിന്റെ 16-ാംദിന ചടങ്ങുകൾ നടക്കേണ്ട ദിവസം പുലർച്ചെയാണ് ഹരികുമാർ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത്.
സംഭവത്തെത്തുടർന്ന് പൂജപ്പുര മഹിളാമന്ദിരത്തിലാക്കിയ അമ്മ ശ്രീതു അവിടെ തുടരുകയാണ്. ഇവരെ വീണ്ടും പോലീസ് ചോദ്യംചെയ്യും. ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിൽ വാട്‌സാപ്പ് വഴി നിരന്തരം ചാറ്റ് ചെയ്യാറുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
Content Highlights: balaramapuram child murder case

മാതൃഭൂമി.കോം വാട്സാപ്പിലും