കൊച്ചി ∙ ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയ്ക്ക് സംഭവിച്ചത് കഴുത്തിൽ ഷാൾ മുറുകിയതു മൂലമുണ്ടായ മസ്തിഷ്കമരണമെന്ന് പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ട്. പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകളുണ്ടെന്നും ചോറ്റാനിക്കര സിഐ എൻ.കെ.മനോജ് പറഞ്ഞു. പെൺകുട്ടിയുടെ സംസ്കാരം നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച 2 മണിയോടെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹത്തിൽ ബന്ധുമിത്രാദികളും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു. അനൂപ് ജേക്കബ് എംഎൽഎയും ആദരാഞ്ജലി അർപ്പിക്കാനെത്തി.

ഇന്നലെ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഇന്നു രാവിലെയാണ് കളമശേരി മെഡിക്കൽ കോളജില്‍ പോസ്റ്റ്‌മോർട്ടം ചെയ്തത്. പെൺകുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചതും മരണകാരണമായിട്ടുണ്ട്. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും സിഐ വ്യക്തമാക്കി. പ്രതി അനൂപ് ഇപ്പോൾ റിമാൻഡിലാണ്. നിലവിൽ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് അനൂപിനെതിരെ ചുമത്തിയിരിക്കുന്നത്. 

ജനുവരി 26നു വൈകിട്ടാണു പെൺകുട്ടിയെ അബോധാവസ്ഥയിൽ വീടിനുള്ളിൽ ഉറുമ്പരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി ക്ഷതമേറ്റിരുന്നു. കഴുത്തിൽ കയർ മുറുകിയ പാടുണ്ടായിരുന്നു. കയ്യിലും മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, പെൺകുട്ടിയുടെ അടുപ്പക്കാരനായ അനൂപിനെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനൂപിന്റെ സംശയരോഗം മൂലം ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ പതിവായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ചുറ്റിക കൊണ്ടടക്കം ആക്രമിച്ചെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.

അതിക്രമം സഹിക്കാനാവാതെ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഫാനിൽ കെട്ടിത്തൂങ്ങിയ പെൺകുട്ടി പിടയുന്നതു കണ്ടു പ്രതി ഷാൾ മുറിച്ചു താഴെയിട്ടു. പെൺകുട്ടി ബഹളമുണ്ടാക്കിയപ്പോഴാണു പ്രതി ബലം പ്രയോഗിച്ചു വായ പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചത്. ഇതിനിടെ പെൺകുട്ടി ബോധരഹിതയായപ്പോൾ മരിച്ചെന്നു കരുതി ഇയാൾ സ്ഥലംവിടുകയായിരുന്നു.

2021ൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ അതിജീവിതയാണു പെൺകുട്ടി. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയത്തിലായത്. വീട്ടിൽ പെൺകുട്ടി മാത്രമുള്ളപ്പോൾ അവിടെയെത്തിയിരുന്ന അനൂപ് നാട്ടുകാരായ പലരോടും വഴക്കുണ്ടാക്കിയിരുന്നു.പലർക്കുമെതിരെ വധഭീഷണി മുഴക്കിയിരുന്ന ഇയാൾക്കെതിരെ ജനുവരി 3 നു സമീപവാസികളായ 20 പേർ‌ ഒപ്പിട്ട പരാതി പൊലീസിനു നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.

English Summary:

Chottanikkara POCSO death: The post-mortem report reveals the girl died from strangulation, with culpable homicide charges to be filed against the accused. The accused, Anoop, is currently in remand, facing charges of rape and attempted murder.