കൊച്ചി ∙ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ പൊലീസ്. നടിക്കൊപ്പം മിഥുൻ, അനീഷ് എന്നിവരും മറ്റൊരു പെൺസുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. മിഥുനെയും അനീഷിനെയും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലക്ഷ്മി മേനോനെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്നാൽ ഇവർ ഒളിവിലാണെന്നും സൂചനകളുണ്ട്. പിടിയിലായവർ ആലുവ, പറവൂർ സ്വദേശികളാണ്. ആലുവ സ്വദേശിയായ യുവാവ് ആണ് പരാതി നൽകിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 

ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചായിരുന്നു തർക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തർക്കം പിന്നീട് റോഡിലേക്കു നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽനിന്നു മടങ്ങിയതിനു പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു. രാത്രി 11.45ഓടെ നോർത്ത് റെയിൽവേ പാലത്തിനു മുകളിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നു പരാതിയിൽ പറയുന്നു. കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം പറയുന്നു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.  

തിങ്കളാഴ്ച നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളിലെത്തുകയായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്‍റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്‍റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Lakshmi Menon എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

IT Employee Abduction Case: Lakshmi Menon is under police investigation in connection with an IT employee kidnapping and assault case in Kochi. The incident stemmed from a bar fight, leading to the arrest of three individuals, and police suspect Lakshmi Menon’s involvement.