നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഞായറാഴ്ച്ച രാത്രി കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കു ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതം ഉണ്ടായെന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റ് ചെയ്യുകയും ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. 

താരങ്ങളും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാർഥനകൾ പങ്കിടുന്നത്. രാജേഷിനു ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർഥന കൂടി ആണെന്ന് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ  പ്രതാപ് ജയലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 

‘‘നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്.. ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷേ വീണപ്പോൾ തന്നെ കാർഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തു. 

അപ്പോൾ  മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ ) തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് . ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. 

സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല… അവൻ തിരിച്ചു വരും.. വന്നേ പറ്റൂ..’’–പ്രതാപ് ജയലക്ഷ്മിയുടെ വാക്കുകൾ.

English Summary:

Actor Rajesh Keshav Hospitalized After Cardiac Arrest