അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദങ്ങൾ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ബുധനാഴ്ച ഉച്ചയോടെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്കും അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലായി തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദം മണിക്കൂറുകൾക്കുള്ളിൽ തീവ്രന്യൂനമർദമാകും.
തുടർന്ന്, ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീര ഭാഗത്തേക്ക് നീങ്ങി തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തിപ്രാപിച്ചേക്കും. തമിഴ്നാട്ടിൽ പലയിടത്തും ശക്തമായ മഴ തുടരുകയാണ്. വിലുപുറം, കൂഡല്ലൂർ, മയിലാടുംതുറൈ, നാഗപട്ടണം, തിരുവള്ളൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ പൊതുവെ മൂടികെട്ടിയ അന്തരീക്ഷമാണുള്ളത്. ഒക്ടോബർ 25വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തീരപ്രദേശത്ത് ജാഗ്രത
22/10/2025: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
23/10/2025 & 24/10/2025: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ന്യൂനമർദം രൂപപ്പെടുന്നതെങ്ങനെ?
ന്യൂനമർദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ന്യൂനമർദവും ഒരർഥത്തിൽ കാറ്റിന്റെ കറക്കം തന്നെ. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മർദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. അന്തരീക്ഷത്തിൽ വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് മർദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും. ഘടികാരദിശയിലും എതിർഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാരദിശയിലും ആണ് ഉണ്ടാകുക. ഭൂമിയുടെ കറക്കം കൊണ്ടുണ്ടാകുന്ന കൊറിയോലിസ് ബലമാണ് അർധഗോളങ്ങളിൽ ഇത്തരത്തിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്.




