വാരിക്കുഴിയിൽ വീണു; നാടിനെ ഭയപ്പെടുത്തിയ കസേരക്കൊമ്പൻ ചരിഞ്ഞു, ആനയുടെ മുതുകിൽ മുറിവ്
എടക്കര ∙ മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. പടുക്ക വനാതിർത്തിയിൽ നിന്നു 50 മീറ്റർ അകലെ കാരപ്പുറം ചോളമുണ്ടയിൽ സ്വകാര്യ ഭൂമിയിലെ കുഴിയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇഷ്ടിക നിർമിക്കുന്നതിന് മണ്ണെടുത്ത് നിറയെ കുഴികളുള്ള സ്ഥലമാണിത്. ഇതിൽ വാരിക്കുഴി പോലെയുള്ള ഒരു കുഴിയിലാണ് ആന വീണത്. ഇന്ന് പുലർച്ചെ 4 ന് ആണ് കുഴിയിൽ വീണ ആനയെ നാട്ടുകാർ കണ്ടത്. ഉടനെ വനപാലകരെ വിവരം അറിയിച്ചു.
ആനയുടെ മുതുകിൽ മുറിവുണ്ടായി വൃണമായ നിലയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന അവശനിലയിലായിരുന്നു. കുഴിയിൽ വീണതു കൊണ്ട് മത്രമാണോ ആന ചരിഞ്ഞത് അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് വേഗത്തിൽ ജഡം ജെസിബി ഉപയോഗിച്ച് വനത്തിലേക്ക് നീക്കി. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
രാത്രി കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ച ശേഷം പുലർച്ചയോടെ ആന റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയിരുന്നു. നീണ്ടു വളഞ്ഞ കൊമ്പുകൾ കസേര പോലെ തോന്നിക്കുന്നതിലാണ് നാട്ടുകാർ കസേരക്കൊമ്പൻ എന്നു വിളിച്ചത്. ജനവാസ കേന്ദ്രങ്ങളിൽനിന്ന് പിൻമാറാത്ത കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
English Summary:
Elephant Kasera Komban dies after falling
2gbjnormqu8b1mrinp118eqf5r 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-health-death mo-environment-elephant mo-news-common-malappuramnews mo-news-common-keralanews



